Humanity First!

Saving a life is like saving the humanity as a whole! Hence, any service even to the size of a mustard seed given to a needy may makes us better than the one who has accumulated so much wealth for nothing!

മുറിവിലുമ്മ വെക്കുന്നപോലെ

– പി എം എ ഗഫൂർ

ഹിറ്റ്ലറിന്റെ നരകത്തടവിൽ ലക്ഷക്കണക്കായ ജൂതകുടുംബങ്ങൾ മരണം കാത്തുകിടക്കുന്ന കാലം. ചില അടിയന്തിരാവശ്യങ്ങൾക്ക്‌ ഡോക്ടർമാരെ അവിടേക്ക്‌ കൊണ്ടുവരാറുണ്ട്‌. ആശുപത്രിയിലെ ആംബുലൻസിലാണ്‌ അവർ വരിക. അങ്ങോട്ടെത്തുന്ന ഡോക്ടർമാരുടെയെല്ലാം കൂടെ നഴ്സായ ഒരു പെൺകുട്ടി വരും. അനേകം തവണ അവളവിടെ വന്നുപോയി. വർഷങ്ങൾ കഴിഞ്ഞാണ്‌ ലോകം ആ വലിയ വാർത്തയറിഞ്ഞത്‌. ഓരോ തവണ വന്നുപോകുമ്പോഴും അവൾ, തടവിൽക്കഴിയുന്ന കുട്ടികളെ സൂത്രത്തിൽ പുറത്തെത്തിക്കും. കുട്ടികൾ കരഞ്ഞാൽ കാവൽക്കാർ അറിയും. കരയാതിരിക്കാൻ ചിലപ്പോൾ നേരിയ അളവിലുള്ള ഉറക്കഗുളിക നൽകും. മറ്റു ചിലപ്പൊൾ വീട്ടിലെ നായയെ കൂട്ടിവരും. ആംബുലൻസിൽ വെച്ച്‌ നായ ഉറക്കെ കുരയ്ക്കും. കുഞ്ഞുങ്ങളുടെ കരച്ചിൽ കാവൽക്കാർ കേൾക്കില്ല. മൂവായിരത്തോളം കുഞ്ഞുങ്ങളെ അവൾ ജീവിതത്തിന്റെ ആകാശത്തേക്ക്‌ തുറന്നുവിട്ടു. അയേന സെല്ലർ എന്ന ധീരയായ പെൺകുട്ടിയാണത്‌. അത്യന്തം അപകടമുള്ള ഈ പ്രവൃത്തിക്ക്‌ എങ്ങനെ ധൈര്യം കിട്ടി എന്ന ചോദ്യത്തിന്‌ അവൾ നൽകിയ മറുപടിയാണ്‌ പ്രധാനം;

അവളുടെ അച്ഛൻ കാരുണ്യമുള്ളൊരു ഡോക്ടറായിരുന്നു. നാട്ടിലാകെ ഗുരുതരമായ പകർച്ചപ്പനി ബാധിച്ച കാലം. രോഗികളെ ചികിത്സിക്കാൻ ഭയന്ന് ഡോക്ടർമാരെല്ലാം നാടുവിട്ടുപോയി. ഇദ്ദേഹം എങ്ങും പോയില്ല. പനി ബാധിച്ചവരെയെല്ലാം വീടുകളിൽപ്പോയി ചികിത്സിച്ചു. കുറേയധികം പേരെ രക്ഷിച്ചു. പക്ഷേ, പനി ഒടുവിൽ ആ നല്ല മനുഷ്യനേയും തേടിയെത്തി. അധികം വൈകാതെ അദ്ദേഹം മരിക്കുകയും ചെയ്തു. മാണത്തിന്റെ ഏതാനും നിമിഷങ്ങൾക്കു മുമ്പ്‌ മകളെ അരികിലേക്ക്‌ വിളിച്ചു. ഒറ്റക്കാര്യം അവളോട്‌ പറഞ്ഞു: ‘ഒരാൾ മുങ്ങിമരിക്കുന്നത്‌ കണ്ടാൽ നിനക്ക്‌ നീന്തലറിയില്ലെങ്കിലും അയാളെ രക്ഷിക്കാൻ എടുത്തുചാടണം. കാരുണ്യമാണ്‌ ഈ ലോകത്ത്‌ ബാക്കിവെക്കാവുന്ന ഏറ്റവും നല്ല ഓർമ. എന്റെ മോൾ അതിനു മടിക്കരുത്‌. നിനക്കുണ്ടാകുന്ന നഷ്ടങ്ങളൊന്നും കാരുണ്യമുള്ളൊരു കർമത്തിൽനിന്നും നിന്നെ പിന്തിരിപ്പിക്കരുത്‌.’

അതെ. നമുക്ക്‌ നീന്തലറിയുമോ എന്നതല്ല. നമ്മളൊന്ന് കൈനീട്ടിയാൽ പിടിച്ചുകേറാൻ കാത്തിരിക്കുന്ന ഒരാൾക്കെങ്കിലും അത്‌ നൽകുന്നുണ്ടോ എന്നതാണ്‌ കാര്യം. കനിവോടെയുള്ളൊരു പുഞ്ചിരി മതിയാകും, ചിലർക്കെങ്കിലും‌ മുറിവിലുമ്മ വെക്കുന്നതുപോലെ സാന്ത്വനമേകാൻ.

‘കഠിനമായ കാട്ടുപാത’എന്ന് ഖുർആൻ വിശേഷിപ്പിച്ചത്‌ ആരാധനകളെയല്ല, കാരുണ്യമുള്ള കർമങ്ങളെയാണ്‌. അരാധനാലായത്തിൽനിന്ന് ഇറങ്ങിവരുന്നവർ വിശക്കുന്നവന്‌ അന്നവും വിയർക്കുന്നവന്‌ അഭയവും വിറയ്ക്കുന്നവന്‌ ആലിംഗനവുമാകണമെന്ന് പടച്ചവൻ ഒരുപാടാഗ്രഹിക്കുന്നു. നിസ്സഹായനായ ഒരു മനുഷ്യനെയെങ്കിലും ചേർത്തുപിടിച്ച്‌, നിർഭയത്വത്തിന്റെ മദീനയാകുമ്പോഴേ‌ നമ്മുടെ ആത്മീയജീവിതമൊക്കെ അർത്ഥവത്താകൂ.

ഈ ബൈബിൾ വചനം കൊണ്ട്‌ ചുരുക്കിയെഴുതാം:

‘ഒരാൾ തനിക്കുവേണ്ടി ഏറ്റവും നന്നായി പ്രവർത്തിച്ചത്‌‌ മറ്റുള്ളവർക്കായി വല്ലതും പ്രവർത്തിച്ചപ്പോളായിരുന്നു’.

*റമദാൻ മഴ: പന്ത്രണ്ട്‌*

മുൻപുള്ള *റമദാൻ മഴ* വായിക്കുവാൻ സന്ദർശിക്കുക.

https://www.facebook.com/PMAWrites/

Abu Abdullah • May 17, 2019


Previous Post

Next Post

Leave a Reply

Your email address will not be published / Required fields are marked *

*

Protected with IP Blacklist CloudIP Blacklist Cloud

This site uses Akismet to reduce spam. Learn how your comment data is processed.