Humanity First!

Saving a life is like saving the humanity as a whole! Hence, any service even to the size of a mustard seed given to a needy may makes us better than the one who has accumulated so much wealth for nothing!

മുള്ളു വേലികൾ തകർക്കുന്ന നിതിൻമാർ!

രാത്രി 9 .10 ന് കോഴിക്കോട് എയർപോർട്ടിൽ നിന്നും അബുദാബിയിലേക്കുള്ള എയർ ഇന്ത്യാ എക്സ്പ്രസ്സ് പറന്നുയരും. ഏഴര മണിക്ക് കൗണ്ടറിൽ റിപ്പോർട്ട് ചെയ്യണമെന്നാണ് ചട്ടം. രണ്ടു മണിക്ക് വീട്ടിൽ നിന്നും ഇറങ്ങാൻ കരുതിയതായിരുന്നു. കൂടെ വരാമെന്നു പറഞ്ഞ ആളെ കാത്തിരുന്നു മണി രണ്ടരയും കഴിഞ്ഞു.ഇനിയും കാത്തിരിക്കുന്നത് ബുദ്ധിയെല്ലന്നുമനസ്സിലാക്കിയത് കൊണ്ടാണ് ഞാൻ തന്നെ ദുആ ഇരന്നു വീട്ടുകാരോട് യാത്ര പറഞ്ഞു സാധാരണ കരുതാറുള്ള ഹാൻഡ്ബാഗ് കയ്യിലെടുത്തു പുറത്തിറങ്ങിയത്. സമയം മൂന്നടുക്കുന്നു.തലശ്ശേരിയിലെത്താൻ അര മണിക്കൂറിലേറെ സമയം വേണ്ടി വരും.പിന്നെ കോഴിക്കോട്ടേയ്ക്ക് ഒന്നര മണിക്കൂറും. വൈകുന്നേരം,നല്ല തിരക്കുള്ള സമയമാണ്. രണ്ടു മണിക്കൂർ കരുതേണ്ടി വരും. കൃത്യമായി പോയാൽ ആറു മണിയാകുമ്പോഴേയ്ക്കും കോഴിക്കോട് പിടിക്കാം. പിന്നെയൊരു ഒരു മണിക്കൂർ യാത്ര. കരിപ്പൂർ എയർപ്പോർട്….എൻറെ കണക്കു കൂട്ടലുകളിൽ പ്രത്യക്ഷത്തിൽ പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. എല്ലാം തുടങ്ങാനിരിക്കുകയായിരുന്നു. കണക്കു കൂട്ടലുകളിലെ കണക്കപ്പിഴകൾ…

തലശ്ശേരിയിൽ നിന്നും കോഴിക്കോട്ടേക്കുള്ള യാത്രയാണ് എന്നിൽ ആധി വാരി നിറച്ചത്. ഇറങ്ങി ഒന്ന് ആഞ്ഞു നടക്കുകയാണെങ്കിൽ ഇതിലും വേഗത്തിലെത്തുമെന്നു തോന്നി.അത്ര വേഗത്തിലാണ് ബസ്സിന്റെ ഓരോ നീക്കവും. ക്ലച്ചും ബ്രായ്ക്കും മത്സരിച്ചു വേഷമിട്ട നാടകത്തിൽ ആക്സിലേറ്ററിനു കാര്യമായ റോളൊന്നുമുണ്ടായിരുന്നില്ല. സമയം നാലരയും കഴിഞ്ഞു. യാത്രയിപ്പോഴും തുടങ്ങിയിടത്തു തന്നെ. പതിനായിരം കൊടുത്ത് രണ്ടു ദിവസം മുൻപ് ബുക്ക് ചെയ്തെടുത്ത റീഫൻഡബിൾ അല്ലാത്ത ഫ്‌ളൈറ് ടിക്കറ്റ് എൻറെ ഹാൻഡ് ബാഗിൽ കിടന്നു എന്നെക്കാൾ കൂടുതൽ ആദി പൂണ്ടു. ഇടയ്ക്കിടെ കണ്ടക്ടറോടു ചോദിച്ചു,”അല്ല മാഷേ ഇതെത്ര മണിക്ക് കോഴിക്കോട് എത്തും?”
ആറു മണിക്ക് മുൻപ് എത്തേണ്ടതാ ,പക്ഷെ, ഇന്നത്തെ കാര്യം ഒന്നും പറയാൻ കഴിയില്ല.
അതെന്തു പറ്റി ഇന്നേക്ക്?
റോഡ് പണിയാ മുസ്ലിയാരെ .
പിറകിലിരുന്ന മധ്യ വയസ്‌കൻ വിളിച്ചു പറഞ്ഞു. വടകര എത്തിയപ്പോൾ ശരിക്കും കണ്ടറിഞ്ഞു. റോഡിൻറെ ഒരു ഭാഗം കിലോമീറ്ററുകളോളം വലിച്ചു കെട്ടി ക്ളോസ് ചെയ്തു വെച്ചിരിക്കുകയാണ്.ബാക്കി പകുതി വഴി വേണം,അങ്ങോട്ടും ഇങ്ങോട്ടും ഇക്കണ്ട വാഹനങ്ങൾക്ക് തിങ്ങിയും നിരങ്ങിയും നീങ്ങാൻ. വേച്ചു വേച്ചു നീങ്ങുന്നതിനിടെ വടകരയിൽ നിന്നാണ് അവൻ കയറിയത്.
അവൻറെ കാതിലെ കടുക്കനിലേക്കാണ് എൻറെ ആദ്യ ശ്രദ്ധ പോയത്. എൻറെ തൊട്ടടുത്ത സീറ്റ് കാലിയായിരുന്നു. കൃത്യമായി അവൻ അവിടെ തന്നെ വന്നിരുന്നു. ഇരിക്കേണ്ട താമസം മൊബൈലിന്റെ ഹെഡ് സെറ്റുകൾ രണ്ടുമെടുത്തു ഇരു ചെവിട്ടിലും തിരുകി. വൈകിയെണീറ്റ കുട്ടിയുടെ കരച്ചിലൊതുക്കാൻമാതാവ് മുലക്കണ്ണെടുത്തു വായിൽ തിരുകുന്ന പോലെ. മൊബൈലിൽ എന്തൊക്കെയോ ചികയുന്നു. നീക്കുന്നു,തോണ്ടുന്നു. ഞാൻ ഇടം കണ്ണിട്ട് അവൻറെ മൊബൈലിലേക്കൊന്നു പാളി നോക്കി.ശിവനും പാർവതിയും പിന്നെ രാമനും ലക്ഷ്മണനും . പിന്നെയുമുണ്ട് കുറെ പേർ. ദേവന്മാരും അസുരന്മാരും സ്‌ക്രീനിൽ മാറി മാറി വരുന്നു. ഞാനൊരു ശുഭ്ര വസ്ത്ര ധാരിയായ ഇസ്‌ലാമിക പാരമ്പര്യം വസ്ത്ര വിധാനത്തിൽ കാത്തു സൂക്ഷിക്കുന്ന ഒരു മുസ്ല്യാരും. എൻറെ നോട്ടം അദ്ദേഹത്തിന് അസ്വസ്ഥത തീർക്കുമോ എന്ന വിചാരത്തിൽ ഞാൻ പിന്നീട് അങ്ങോട്ട് മുഖം തിരിക്കതിരിക്കാൻ ശ്രമിച്ചു.
ഇടയ്ക് എന്നിൽ ഞെട്ടിയുണരുന്ന ആധി വീണ്ടും കണ്ടക്ടറുമായി പങ്കു വെച്ചു ,ഇനി എത്ര സമയം വേണം?..കണ്ടക്റ്റർ പരുഷയമായൊന്നു നോക്കി.ആവർത്തിച്ചുള്ള ചോദ്യം അദ്ദേഹത്തിന് സുഖിക്കുന്നുണ്ടാവില്ല. അത് വരെ മൊബൈലിൽ മുഖം പൂഴ്ത്തിയിരുന്നിരുന്ന ചെറുപ്പക്കാരൻ സ്‌ക്രീനിൽ നിന്നും കണ്ണെടുത്തു എന്നെയൊന്നു നോക്കി. എന്റെ ദയനീയാവസ്ഥ തിരിച്ചറിഞ്ഞത് കൊണ്ടോ എന്തോ അദ്ദേഹം എന്നോട് ചോദിച്ചു. എന്താ നിങ്ങളുടെ പ്രശ്നം ?ഞാൻ കയറിയത് മുതൽ ശ്രദ്ധിക്കുന്നു ,താങ്കളുടെ പരിവേഷം.എന്ത് പറ്റി ,ഇതിനു മാത്രം?ഞാൻ എല്ലാ കാര്യങ്ങളും അദ്ദേഹത്തോട് വിശദീകരിച്ചു.ഫ്ളൈറ് സമയവും ബസ്സിന്റെ മെല്ലെ പോക്കും. അദ്ദേഹം ഒക്കെയും മൂളി കേട്ടു .ഇടയ്ക്കു എന്തോ ആവശ്യത്തിന് സീറ്റിൽ നിന്നും എഴുന്നേറ്റ് മുൻ ഭാഗത്തേക്ക് അദ്ദേഹം നടന്നു.അപ്പോഴദ്ദേഹം മൊബൈലിൽ ആരുമായോ സംസാരിക്കുന്നുണ്ടായിരുന്നു. എന്റെയടുത്തു സീറ്റ് കാലി കിടക്കുന്നതു കണ്ടു മറ്റൊരാൾ അവിടെ ഇരിക്കാൻ ശ്രമിച്ചെങ്കിലും ഞാൻ അദ്ദേഹത്തോട് എൻറെ സഹ യാത്രികനെ കുറിച്ച് പറഞ്ഞു. മുന്നിലേക്ക്പോയ സഹ യാത്രികൻ ഉടൻ തിരിച്ചു വന്നു എന്റെ അടുത്തിരുന്നു. ആർക്കൊക്കെയോ വിളിക്കുന്നുണ്ട്. എൻറെ കാര്യമാണ് പറയുന്നത് എന്ന് മനസ്സിലായി. എന്നെ കുറിച്ചും എൻറെ യാത്രാ വിവരങ്ങളും ഇതിനകം കൂടുതലായി അദ്ദേഹം ചോദിച്ചറിഞ്ഞിരുന്നു. ഞാനും അദ്ദേഹവുമായി പരിചയപ്പെട്ടു. പേര് നിതിൻ. സ്ഥലം വയനാട് ജില്ലയിലെ പനമരം. ജോലി കോഴിക്കോട് തൊണ്ടയാട് എന്ന സ്ഥലത്തു എ സി ടെക്‌നീഷ്യൻ . ഇപ്പൊ വടകര ഭാഗത്തു ഫീൽഡ് വർക്ക് കഴിഞ്ഞു തിരിച്ചു കമ്പനിയിലേക്കുള്ള വരവാണ്.
ആറു മണിക്ക് എത്തുമെന്ന് പ്രതീക്ഷിച്ച ബസ്സ് ഏഴു മണിയായി കോഴിക്കോട് കെ എസ് ആർ ടി സി സ്റ്റാൻഡിൽ എത്തുമ്പോൾ. വൈകുന്നേരത്തെ ഈ തിരക്കിനിടയിൽ അടുത്ത ബസ്സ് കയറി എയർപോർട്ടിലേക്ക് പുറപ്പെട്ടാൽ അര മണിക്കൂർ പോയിട്ട് ഒരു മണിക്കൂർ സമയം കൊണ്ട് പോലും നിശ്ചിത സ്ഥലത്ത് ഏത്താൻ കഴിയില്ല. ടാക്സി വിളിക്കണോ ബസ്സിന്‌ പോകണോ എന്ന് ആശങ്കപെട്ട് നിൽക്കുമ്പോഴുണ്ട് അത് വരെ ഒരുമിച്ചിരുന്നു ബസ്സിൽ യാത്ര ചെയ്ത സഹയാത്രികൻ വരുന്നു.
താങ്കൾക്ക് എയർപോർട്ടിലേക്ക് അല്ലെ പോകേണ്ടത് ? ഞാൻ പറഞ്ഞു , അതെ .
എങ്കിൽ വരൂ . അദ്ദേഹം എന്നെയും കൂട്ടി അല്പം ഒഴിഞ്ഞ ഭാഗത്തേയ്ക്ക് നടന്നു. അവിടെ ഒരു മോട്ടോർ ബൈക്കുമായി മറ്റൊരു ചെറുപ്പക്കാരൻ നിൽക്കുന്നു. അദ്ദേഹം സ്വയം പരിചയപ്പെടുത്തി. ഞാൻ മോഹൻ ദാസ്. നിതിന്റെ കൂട്ടുകാരനാണ്. സിദ്ധീഖ് മുസ്‌ലിയാർ.ഞാനും എന്നെ കുറിച്ച് വിവരിച്ചു. എൻറെ വേഷവും സംസാര ശൈലിയും അദ്ദേഹം ഒന്ന് മനസ്സിരുത്തി ശ്രദ്ധിച്ചുവോ ..നേരം ഇരുട്ടി തുടങ്ങി.എയർ പോർട്ടിൽ ചെക്കിങ് തുടങ്ങിയിട്ടുണ്ടാകും. ഇനിയും പത്തു മുപ്പത്തിരണ്ട് കിലോ മീറ്റർ യാത്ര ചെയ്യണം.അതും തിരക്ക് പിടിച്ച നിരത്തിലൂടെ ഈ തിരക്കൊഴിയാത്ത നേരത്ത്. എൻറെ യാത്ര നടക്കുമെന്ന് തോന്നുന്നില്ല. ഞാൻ മനസ്സിലുറപ്പിച്ചു. മുസ്ലിയാരെ ,നിങ്ങൾ ഈ ബൈക്കിൻറെ പുറകിൽ കയറൂ. ഞാൻ ഒന്ന് ഞെട്ടി. ഇത്രയും ദൂരം ബൈക്കിലോ?..അതും ഒട്ടും പരിചയമില്ലാത്ത ഒരാളുമായി ഈ നേരം കേട്ട സമയത്തു. ഒരായിരം ദുഷ്ചിന്തകൾ എൻറെ മനസ്സിനെ കൊത്തി വലിച്ചു. കയറണോ വേണ്ടയോ..അവസാനംഞാൻ ബൈക്കിൽ കയറി. വരുന്നിടത്ത് വെച്ച് കാണാം. മോഹൻ ദാസിനോട് യാത്ര പറഞ്ഞു നിതിൻ ബൈക്ക് ആദ്യ റൈസിംഗ് എടുത്തപ്പോഴേ എന്നിൽ അപകടം മണത്തു. വണ്ടിയൊന്ന് പൊങ്ങി. പിന്നെ നേരെ നിരത്തിലേക്ക്. ഒരു മരണക്കിണർ അഭ്യാസിയെപ്പോലെ. ജീവിതത്തിൽ ആരുടേയും കൂടെ ഇങ്ങിനെയൊരു ബൈക്ക് യാത്ര ഞാൻ ചെയ്തിട്ടില്ല. ചിലപ്പോ ഞാൻ കണ്ണടച്ചിരുന്നു.അപ്പൊ എന്നിൽ ആധി കൂടി. ഇരുട്ടിയ നേരത്ത് ഈ ചെറുപ്പക്കാരൻ എങ്ങോടാണ് എന്നെ കൊണ്ട് പോകുന്നത് എന്നറിയേണ്ടേ. ഇടയ്ക്ക് ഒരു പമ്പിൽ എണ്ണയടിക്കാൻ നിറുത്തി. ഞാൻ പറഞ്ഞു. ഫുൾ ടാങ്ക് അടിച്ചോയെന്ന്. പക്ഷെ, അദ്ദേഹം സമ്മതിച്ചില്ല.നൂറു രൂപയ്ക്കു മാത്രം പെട്രോളടിച്ചു വണ്ടി വീണ്ടും മുന്നോട്ടെടുത്തു. നേരം ശരിക്കും ഇരുട്ടി. റോഡിൽ ക്രമാതീതമായ തിരക്കുമുണ്ടായിരുന്നു.ടൗൺ ഭാഗങ്ങളിൽ വാഹനങ്ങൾ വലിയ ശബ്ദത്തിൽ ഹോണടിച്ചു നിരങ്ങി നീങ്ങുന്നു. ബൈക്ക് യാത്ര വിജയിക്കില്ലേ ..ഒരു വേള ഞാൻ സംശയിച്ചു. ഏതോ വലിയ വാഹനത്തിൻറെ പുറകിൽ നിന്നും കുറച്ചു നേരം ഹോണടിച്ച നിതിൻ, ക്ഷമ നശിച്ചിട്ടെന്നോണം ബൈക്ക് റോഡിൽ നിന്നും പുറത്തേക്കെടുത്തു. കാത്തു കിടക്കുന്ന വാഹനങ്ങൾക്കിടയിലൂടെയും അരികിലൂടെയും ഒരു കുതിച്ചു പാച്ചിലായിരുന്നു പിന്നീട്. എയർപോർട്ടിൽ എത്തണമെന്നു കണക്കു കൂട്ടിയ ഏഴരയും കഴിഞ്ഞു. പക്ഷെ,നിതിൻറെ ആത്മ വിശ്വാസത്തിനു ഒരു കുറവുമുണ്ടായിരുന്നില്ല. “നിങ്ങൾ പിടിച്ചിരുന്നോളൂ ട്ടോ “..ഇടയ്ക്കു അവൻ ഓർമപ്പെടുത്തുന്നുണ്ടായിരുന്നു. ഇപ്പൊ എൻറെ പേടിയെല്ലാം മാറി.അവനെനിക്കിപ്പോ വെറും ഒരു സഹയാത്രികനെല്ല. എൻറെ രക്ഷകനാണ്.കുറച്ചു നേരത്തേക്കാണെങ്കിലും എനിക്ക് വേണ്ട തീരുമാനങ്ങൾ ഇനി അവനാണെടുക്കേണ്ടത്.പുറകിലൂടെ ഹാൻഡ്ബാഗ് തൂക്കിയ ഞാൻ കുറച്ചു കൂടെ അവനോടു ചേർന്നിരുന്നു. രണ്ടു കൈകൊണ്ടും അവനെ ശരിക്കും കെട്ടിപിടിച്ചു. എന്റെ തൊപ്പിയോ അവന്റെ കുറിയോ ഒന്നും അതിനു തടസ്സമായില്ല. ഒരിക്കൽ സീറ്റിൽ നിന്നും അവൻ എഴുന്നേറ്റ് പോയ നേരം മറ്റൊരാൾ ഇരിക്കാൻ വന്നപ്പോൾ ഞാനതു മുടക്കിയത് എത്ര നന്നായെന്ന് തോന്നി. മഴ പെയ്യാതിരുന്നാൽ നന്നായിരുന്നു. അവൻ പറഞ്ഞു. എന്തെ ? ഞാൻ ചോദിച്ചു. അല്ല ,നിങ്ങളുടെ വെള്ള ജുബ്ബയൊക്കെ നനഞ്ഞു പിന്നെ യാത്രക്ക് ബുദ്ധിമുട്ടാകില്ലേ.?..ഇപ്പൊ അവനു എൻറെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ കൈവന്ന പോലെ തോന്നുന്നു. സംസാരമുണ്ടെങ്കിലും ബൈക്കിൻറെ വേഗതക്കു ഒരു കുറവുമില്ല.എയർപോർട് എത്തുന്നതിനു മുൻപുള്ള വളഞ്ഞു പുളഞ്ഞു പോകുന്ന കയറ്റവും ഇറക്കവും കൂടിയ വീതി കുറഞ്ഞ നിരത്തിലൂടെ അവൻ അതിസാഹസികമായി എന്നെയും കൊണ്ട് പാഞ്ഞു.
എട്ടു മണിക്ക് പത്തു മിനുറ്റ് അവശേഷിക്കുമ്പോൾ ഞങ്ങൾ എയർപോർട്ടിന് മുന്നിൽ കിതച്ചു നിന്നു .കൈയിലുണ്ടായിരുന്ന ഇന്ത്യൻ മണി അഞ്ഞൂറ് രൂപ ഒരു സന്തോഷത്തിനായി അവൻറെ നേരെ നീട്ടി ഞാൻ പറഞ്ഞു. “ഇത് കൊണ്ട് തീരുന്ന ഉപകാരമല്ല താങ്കൾ ചെയ്തിട്ടുള്ളത്.എങ്കിലും എൻറെ ഒരു സന്തോഷത്തിനു താങ്കൾ ഇത് സ്വീകരിക്കണം.” അവൻ മൃദുവായൊന്നു ചിരിച്ചു.ഉസ്താദേ ,ഇനിയും സംസാരിച്ചു നിന്നാൽ നമ്മുടെ ഓട്ടം വേസ്റ്റ് ആകും. പണത്തിനു വേണ്ടിയല്ല ഞാൻ ഇത്രയും ദൂരം ഓടിയത്.എനിക്ക് വേണ്ടത് നിങ്ങളുടെ പ്രാർത്ഥനയാണ്. കഴിയുമ്പോഴെക്കെ നിങ്ങളുടെ പ്രാർത്ഥനയിൽ എന്നെ ഉൾപ്പെടുത്തണം. അത് മാത്രം മതി.വേഗം അകത്തേക്ക് കയറിക്കോളൂ .സമയം ഇപ്പോഴേ വൈകി. എൻട്രി ഗേറ്റിൽ നിൽക്കുന്ന പോലീസുകാരന് പാസ്‌പോർട്ടും ടിക്കറ്റും കാണിച്ചു അകത്തു കടക്കുമ്പോഴും ഞാൻ അവനെ തന്നെ തിരിഞ്ഞു നോക്കുകയായിരുന്നു. ബൈക്ക് സ്റ്റാർട്ട് ചെയ്യാതെ അവൻ അവിടെ തന്നെ എന്നെയും നോക്കി നിൽക്കുന്നുണ്ടായിരുന്നു, അപ്പോൾ. അവൻ ആഗ്രഹിക്കുന്നത് എന്താണെന്ന് എനിക്കറിയാം. ചെക്കിങ് കൗണ്ടറിൽ നിന്നും എമിഗ്രെഷനിലേക്കു നടക്കുമ്പോൾ ഞാൻ അവനു വിളിച്ചു. എൻറെ സംസാരം തുടങ്ങും മുൻപ് അവൻ ഇങ്ങോട്ട് ചോദിച്ചു. എന്തായി ഉസ്താദേ ,ഒക്കെ ക്ലിയർ ആയില്ലേ?..എല്ലാം റെഡിയായി കൂട്ടുകാരാ.അല്ല നീ എല്ലാം ശരിയാക്കി.
അവൻറെ മനസ്സ് തുറന്ന ശബ്ദമില്ലാത്ത ചിരി ഞാൻ കേട്ടു .ആസുരതയുടെ തീവ്രഭാവങ്ങൾ പകർന്നാടി മനുഷ്യനിണത്തിൻറെ ജാതിയും മതവും പോസ്റ്റ്മോർട്ടം നടത്താൻ മോർച്ചറിയിലേക്കെടുക്കുന്ന മതമില്ലാത്തവൻറെ ആധുനിക മത ഭ്രാന്തിനു നേരെ അവൻ പരിഹാസ പൂർവം ചിരിച്ചു. ഒരു അവിശ്വാസിയുടെ മൃത ശരീരം കണ്ടു എഴുന്നേറ്റ് നിന്ന് ബഹുമാനിച്ചു പുണ്യ പൂമേനിയുടെ തിരു വചസ്സുകൾ എൻ്റെ ചിന്തകളിലൂടെ ഓടി മറഞ്ഞു.രാഷ്ട്രീയ ലാഭത്തിനു മതത്തെ വിൽക്കുന്ന അഭിനവ കോമരങ്ങൾ മനുഷ്യർക്കിടയിൽ തീർത്തിരിക്കുന്ന മുള്ളു വേലികൾ തകർക്കാൻ കുറെ നിതിനുമാർ ഇവിടെ ജീവിച്ചിരിപ്പുള്ളതു ഓർത്തപ്പോൾ എനിക്കെൻറെ നാടിനോടും സംസ്കാരത്തോടും വീണ്ടും വീണ്ടും സ്നേഹവും ബഹുമാനവും തോന്നി. 
???????

———————————

സിദ്ധീഖ് മുസ്‌ലിയാർ

കടവത്തൂർ

Abu Abdullah • August 15, 2017


Previous Post

Next Post

Leave a Reply

Your email address will not be published / Required fields are marked *

*

Protected with IP Blacklist CloudIP Blacklist Cloud

This site uses Akismet to reduce spam. Learn how your comment data is processed.